Headlines

ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങി; ഒടുവിൽ രമേശന് രക്ഷകരായി ‘രക്ഷാമിത്ര’

ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങി; ഒടുവിൽ രമേശന് രക്ഷകരായി ‘രക്ഷാമിത്ര’
Spread the Story
ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങി; ഒടുവിൽ രമേശന് രക്ഷകരായി ‘രക്ഷാമിത്ര’

വടകര: മിണ്ടാപ്രാണിയോടുള്ള കാരുണ്യവും സ്നേഹവും ഒടുവിൽ വഴിമാറിയത് വലിയൊരു രക്ഷാപ്രവർത്തനത്തിലേക്ക്. മന്തരത്തൂർ എടവലത്ത് കണ്ടി മീത്തൽ കിണറ്റിൽ അബദ്ധത്തിൽ വീണുപോയ ആട്ടിൻകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങി ഒടുവിൽ കിണറ്റിൽ കുടുങ്ങിപ്പോയ രമേശനെ, ഗ്രാമത്തിന്റെ സ്വന്തം രക്ഷാസേനയായ ‘രക്ഷാമിത്ര’യും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി കരക്കെത്തിച്ചു.

കിണറ്റിൽ വീണ് പിടഞ്ഞ ആട്ടിൻകുട്ടിയെ മരണത്തിന് വിട്ടുകൊടുക്കാൻ രമേശന്റെ മനസ്സ് അനുവദിച്ചില്ല. കയറിന്റെ സഹായത്തോടെ കിണറ്റിലിറങ്ങിയെങ്കിലും മുകളിലേക്ക് കയറാൻ സാധിക്കാതെ രമേശൻ അതിനകത്ത് അകപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെംബർ ഷൈജ പാലിശ്ശേരി ഉടൻ തന്നെ മണിയൂർ പഞ്ചായത്തിന്റെ സന്നദ്ധ രക്ഷാപ്രവർത്തകരായ ‘രക്ഷാമിത്ര’ ടീമിനെ വിവരമറിയിച്ചു. ഒട്ടും സമയം കളയാതെ സ്ഥലത്തെത്തിയ രക്ഷാമിത്ര പ്രവർത്തകർ നാട്ടുകാരുടെ സഹകരണത്തോടെ അതിസാഹസികമായി കിണറ്റിലിറങ്ങി രമേശനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

സ്വന്തം ജീവൻ പോലും പണയം വെച്ച് മിണ്ടാപ്രാണിയെ രക്ഷിക്കാൻ തുനിഞ്ഞ രമേശന്റെ നന്മയെയും, ആപത്ഘട്ടത്തിൽ താങ്ങായി ഓടിയെത്തിയ ഹാഷിം, സന്തോഷ്, ഷമീർ, റൈഹാനത്ത് എന്നിവരടങ്ങിയ രക്ഷാമിത്ര ടീമിന്റെ സമയോചിതമായ ഇടപെടലിനെയും നാടൊന്നാകെ അഭിനന്ദിക്കുകയാണ്.